admin December 26, 2019

2019 ജനുവരി മുതൽ നവംബർ മാസംവരെ മ്യൂച്വൽ ഫണ്ട് എസ്ഐപി ഇനത്തിൽ നിക്ഷേപമായെത്തിയത് 90,094 കോടി രൂപ. ദീർഘകാല ലക്ഷ്യത്തോടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടെന്നാണ് 11 മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മുൻവർഷം ഇതേകാലയളവിൽ 80,645 കോടിയുടെ നിക്ഷേപമാണ് എസ്ഐപിവഴിയെത്തിയത്. ഈ കാലയളവിൽ നിഫ്റ്റി 50 സൂചിക 11.95 ശതമാനം നേട്ടം നൽകിയപ്പോൾ, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നഷ്ടമാണ് നിക്ഷേപകന് നൽകിയത്.

നിഫ്റ്റി മിഡ് ക്യാപ് 0.2ശതമാനവും നിഫ്റ്റി സ്മോൾ ക്യാപ് 12.3ശതമാനവും നഷ്ടമുണ്ടാക്കി. നടപ്പ് സാമ്പത്തിക വർഷം ഓരോമാസവും ശരാശരി 9,55,000 പുതിയ എസ്ഐപികളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഒരുഎസ്ഐപിയിലൂടെ എത്തിയ ശരാശരി നിക്ഷേപം 2,800 രൂപയുമാണ്. ഒറ്റത്തവണ നിക്ഷേപത്തേക്കാൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി പ്രതിമാസം നിക്ഷേപം നടത്താനാണ് നിക്ഷേപകർകൂടുതൽ താൽപര്യംകാണിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

നോട്ട് നിരോധനത്തിനുശേഷം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണംവർധിച്ചതായാണ് വിലയിരുത്തൽ. പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, ചെറു നിക്ഷേപ പദ്ധതികൾ എന്നിവയിൽനിന്നൊരുമാറ്റം പ്രകടമാണെന്നും ഇവർ പറയുന്നു. ദീർഘകാല ലക്ഷ്യം മുൻനിർത്തി എസ്ഐപിയിലൂടെ നിക്ഷേപിച്ചാൽ ഭാവിയിൽ മികച്ചആദായം നേടാമെന്നതരത്തിലുള്ള ബോധവത്കരണ പദ്ധതിയും പുതുതലമുറയ്ക്കിടയിൽ അവബോധം സൃഷ്ടിച്ചതായി സാമ്പത്തിക ആസുത്രകർ പറയുന്നു. 100 രൂപ മുതൽ എസ്ഐപിയായി നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.

Leave a comment.

Your email address will not be published. Required fields are marked*